വയനാട്: കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഹാൻഡ് ബാഗിൽ എം.ഡി.എം.എ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് കുറ്റ്യാടി തളിയിൽ ചെറുവേരി വീട്ടിൽ മുഹമ്മദ് ഇജാസ് ബഷീർ (28) ആണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പൊലീസും ചേർന്ന് പിടികൂടിയത്. ഇയാൾ ഉപേക്ഷിച്ച ബാഗിൽ നിന്ന് 0.42 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയിരുന്നത്.
മുഹമ്മദ് ഇജാസ് ബഷീറിനെതിരെ തൊണ്ടർനാട്, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ നേരത്തേയും ലഹരിക്കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
2026 ഒക്ടോബർ രണ്ടിന് രാത്രിയിലാണ് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഹാൻഡ് ബാഗ് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
നവംബർ 24ന് എസ്.ഐമാരായ സന്തോഷ് കുമാർ, രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഹമ്മദ് ഇജാസ് ബഷീറിനെ പിടികൂടിയത്. എന്നാൽ അറസ്റ്റ് സംബന്ധിച്ച വിവരം പൊലീസ് പുറത്തുവിട്ടത് ഇന്നലെയാണ്.




