ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന സാമൂഹിക പരിഷ്‌കർത്താവ് ഇ.വി. രാമസാമി പെരിയാറിന്റെ പ്രതിമ നീക്കം ചെയ്തു. തിരുവയ്യാറിന് സമീപം കണ്ടിയൂരിലെ അരുള്‍മിഗു ബ്രഹ്മശിരകണ്ടീശ്വരർ ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന പ്രതിമയാണ് പുലർച്ചെ മാറ്റിയത്.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി. ക്രെയിൻ ഉപയോഗിച്ച് പ്രതിമ നീക്കം ചെയ്ത് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നടപടികൾ.
പ്രതിമ നീക്കം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഇതുവരെ വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഇതിനിടെയാണ് പ്രതിമ നീക്കം ചെയ്തത്.
പ്രതിമ സ്ഥാപിച്ചിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവും അതിൽ ആലേഖനം ചെയ്തിരുന്ന പെരിയാറിന്റെ ദൈവനിഷേധ പരാമർശങ്ങളുമാണ് നിയമതർക്കത്തിന് കാരണമായത്. ക്ഷേത്രഭൂമിയിൽ ഇത്തരം പരാമർശങ്ങൾ പ്രദർശിപ്പിക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി രാമ രവികുമാറാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഒക്ടോബർ അവസാനമാണ് പ്രതിമ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തഞ്ചാവൂർ ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദേശം നൽകിയത്. ഇതിനായി നാലാഴ്ചത്തെ സമയവും അനുവദിച്ചിരുന്നു.
അതേസമയം, റോഡ് വികസനത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ചതാണ് പ്രതിമയെന്നും നിലവിൽ പുറമ്പോക്ക് ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും തഹസിൽദാർ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ പ്രതിമ ക്ഷേത്രഭൂമിയിലാണെന്നും സ്ഥാപിച്ച സമയത്തുതന്നെ എതിർപ്പ് അറിയിച്ചിരുന്നുവെന്നും ക്ഷേത്ര അധികൃതർ കോടതിയെ അറിയിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പരിഗണിച്ച ശേഷമാണ് കോടതി പ്രതിമ മാറ്റാൻ ഉത്തരവിട്ടത്.


