പാറശാല : തമിഴ്നാട്ടിൽ വയോധികയെ കെട്ടിയിട്ട് 15 പവൻ ആഭരണങ്ങളും ഒരുലക്ഷംരൂപയും രൂപയും കവർന്നു. അരുമന മഞ്ഞാലുംമൂട് മേക്കോട്ടുകോണം വാസുദേവവിലാസത്തിൽ റിട്ട. അധ്യാപിക ശോഭ (62)യുടെ പണവും സ്വർണവുമാണ് കവർന്നത്. ശനി ഉച്ചയ്‌ക്കാണ് സംഭവം. അവിവാഹിതയായ ശോഭയും വീട്ടുജോലിക്കാരിയുമാണ് താമസം. സംഭവസമയം ഇവർ വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു.
വീടിന് സമീപം ഇവരുടെ ഉടമസ്ഥതയിലുള്ള കല്യാണമണ്ഡപം ബുക്ക് ചെയ്യാനെന്ന വ്യാജേനയാണ് രണ്ട് യുവാക്കൾ വീട്ടിലെത്തിയത്. സംസാരിച്ചിരിക്കുന്നതിനിടെ ഇവർ ശോഭയുടെ കൈയും കാലും വായും കണ്ണും കെട്ടിയശേഷം ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണവും കൈക്കലാക്കുകയായിരുന്നു. വീട്ടിലെ സിസിടിവി തകർത്ത് ഹാർഡ് ഡിസ്‌കും സംഘം കൈക്കലാക്കി. വൈകിട്ട് നാലോടെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. അരുമന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു


