തൃശ്ശൂർ: തൃശ്ശൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പള്ളിപ്പുറം ചൂണ്ടയിൽ മധു-രാധിക ദമ്പതികളുടെ മകൻ ആദികൃഷ്ണ (15) ആണ് മരിച്ചത്. അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.
ഞായറാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം. വെങ്ങിണിശ്ശേരി ചെറാട്ട് ശിവക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ആദികൃഷ്ണ. ഈ സമയം സുഹൃത്തുക്കളും നാട്ടുകാരും കടവിലുണ്ടായിരുന്നു.
കുട്ടി മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തൃശ്ശൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദിലക്ഷ്മിയാണ് സഹോദരി.




