കൊച്ചി: സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരായ ബലാത്സംഗക്കേസിൽ ഇടപെട്ടതിന്റെ കാരണം വ്യക്തമാക്കി സിനിമാ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി). അതിജീവിതയുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘടന കേസിൽ ഇടപെട്ടതെന്ന് ഡബ്ല്യു.സി.സി വ്യക്തമാക്കി. വിചാരണക്കോടതിയുടെ വിധി നിയമപരമായ നീതിന്യായ പ്രക്രിയയിലെ ഒരു ഘട്ടം മാത്രമാണെന്നും അപ്പീൽ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കാൻ അതിജീവിതയ്ക്ക് അവകാശമുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
കേസിൽ ലിജു കൃഷ്ണയെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ നൽകിയ ഡബ്ല്യു.സി.സിക്കെതിരെയും സംഘടനയുടെ നേതൃനിരയിലുള്ള സംവിധായിക ഗീതു മോഹൻദാസിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഘടന വിശദീകരണവുമായി രംഗത്തെത്തിയത്.
2022 മാർച്ച് ഒന്നിന് അതിജീവിതയിൽനിന്ന് രേഖാമൂലം പരാതി ലഭിച്ചതിനെത്തുടർന്നാണ് വിഷയത്തിൽ ഇടപെട്ടതെന്ന് ഡബ്ല്യു.സി.സി അറിയിച്ചു. സംഘടനയുടെ നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് പരാതി പരിശോധിക്കുകയും അതിജീവിതയ്ക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു. സിനിമാ മേഖലയിലെ വിവിധ സംഘടനകൾക്ക് അതിജീവിത നേരിട്ട് നൽകിയ പരാതികളിലും നടത്തിയ ഇടപെടലുകളിലുമാണ് ഡബ്ല്യു.സി.സി പിന്തുണ അറിയിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു.
ഒരു വ്യക്തിയുടെ താൽപര്യത്തിനോ നിർദേശത്തിനോ അനുസരിച്ചല്ല സംഘടന പ്രവർത്തിക്കുന്നതെന്നും അംഗങ്ങളുടെ കൂട്ടായ ചർച്ചകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇടപെടലുകളെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി. വ്യക്തിപരമായ താൽപര്യങ്ങളുടെ പേരിലാണ് സംഘടന കേസിൽ ഇടപെട്ടതെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കൂട്ടിച്ചേർത്തു.
ലൈംഗികാതിക്രമ കേസുകളിലെ ശിക്ഷാനിരക്ക് 20 മുതൽ 25 ശതമാനം വരെയാണെന്ന് കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവിനെ (സി.എച്ച്.ആർ.ഐ) ഉദ്ധരിച്ച് സംഘടന ചൂണ്ടിക്കാട്ടി. ശിക്ഷിക്കപ്പെടാത്ത കേസുകളെല്ലാം വ്യാജപരാതികളാണെന്ന് ഇതിന് അർഥമില്ല. തെളിവുകളുടെ അപര്യാപ്തതയും പരാതിക്കാർ നേരിടുന്ന സാമൂഹികവും വ്യക്തിപരവുമായ സമ്മർദങ്ങളും നീതി ലഭിക്കുന്നതിനെ ബാധിക്കുന്നുണ്ടെന്നും വിശദീകരിച്ചു.
അതേസമയം, സിനിമയുടെ നിർമാണ സ്ഥാപനമായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി) ഉണ്ടായിരുന്നില്ലെന്ന വിഷയവും ഡബ്ല്യു.സി.സി വീണ്ടും ഉന്നയിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ നിയമപ്രകാരം ഇത്തരം സമിതികൾ രൂപീകരിക്കുകയും ഫലപ്രദമായി പ്രവർത്തിപ്പിക്കുകയും വേണം. പരാതി പരിഹാര സംവിധാനങ്ങളുടെ അഭാവം സ്ത്രീകളെ പൊലീസ് പരാതിയുൾപ്പെടെയുള്ള നടപടികളിലേക്ക് പോകാൻ നിർബന്ധിതരാക്കുന്ന സാഹചര്യമുണ്ടാക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.
ബലാത്സംഗക്കേസുകളിലെ വിചാരണ നീണ്ടുപോകുന്നതും ശിക്ഷ ഉറപ്പില്ലാത്ത സാഹചര്യവും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ ശിക്ഷാഭയം കുറയ്ക്കാൻ ഇടയാക്കുന്നുവെന്നും ഡബ്ല്യു.സി.സി അഭിപ്രായപ്പെട്ടു. നീതിന്യായ നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം തൊഴിലിടങ്ങളിൽ ഫലപ്രദമായ പരാതി പരിഹാര സംവിധാനങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ലിജു കൃഷ്ണ സംഘടനയിലെ ഒരു അംഗത്തെ മാത്രം ലക്ഷ്യമിട്ട് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്നും ഡബ്ല്യു.സി.സി പ്രതികരിച്ചു. സംഘടനയുടെ കൂട്ടായ നിലപാടുകളെ വ്യക്തിപരമായ താൽപര്യങ്ങളുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുന്നതായും അറിയിച്ചു.
അതിജീവിതകൾക്ക് പിന്തുണ നൽകുന്നത് ഒരു വ്യക്തിക്കെതിരായ നിലപാടല്ലെന്നും നീതി, ലിംഗസമത്വം, സുരക്ഷിതമായ തൊഴിലിടങ്ങൾ എന്നിവയിലുള്ള വിശ്വാസത്തിന്റെ ഭാഗമാണെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി. പരാതി ഉന്നയിക്കുന്ന സ്ത്രീകൾക്ക് പിന്തുണ നൽകുന്ന നിലപാടിൽനിന്ന് പിന്നോട്ടുപോകില്ലെന്നും സംഘടന കൂട്ടിച്ചേർത്തു.


