ന്യൂഡൽഹി: കെ. സുധാകരൻ എംപിയെ ദുബായിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. യുഎഇ സമയം രാത്രി 9.30ന് എമിറേറ്റ്സ് വിമാനത്തിൽ ഡൽഹിയിലേക്ക് തിരിക്കും. പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച സുധാകരനെ അധികൃതർ ദുരൂഹസാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും കുടുംബാംഗങ്ങളെ കാണാൻ അനുവദിച്ചില്ലെന്നും നേരത്തെ മകൻ ആരോപിച്ചിരുന്നു.
നവംബർ 26ന് രാത്രിയാണ് കുടുംബത്തോടൊപ്പം കെ. സുധാകരൻ അബുദാബിയിലെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാനായിരുന്നു യാത്ര. എന്നാൽ നിർണായക പാർലമെന്റ് സമ്മേളനം വിളിച്ചതോടെ സുധാകരനോട് അടിയന്തരമായി ഡൽഹിയിലെത്താൻ കോൺഗ്രസ് നേതാക്കൾ നിർദേശിക്കുകയായിരുന്നു. ഇതോടെ ദുബായിലെ ആശുപത്രിയിൽ പരിശോധന നടത്തിയശേഷം മടങ്ങാൻ തീരുമാനിച്ചു. ഇന്നലെ ആശുപത്രിയിലെത്തിയ സുധാകരൻ ഇന്ന് രാവിലെ ഡൽഹിയിലേക്ക് തിരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
താൻ ഡൽഹിയിലെത്തുന്ന വിവരം സുധാകരൻ നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ രാത്രിയോടെ അദ്ദേഹത്തെ മുറിയിൽനിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെന്നും കുടുംബത്തെ വിവരം അറിയിച്ചില്ലെന്നും മകൻ ആരോപിച്ചു. രാവിലെ കാണാൻ ശ്രമിച്ചപ്പോഴും അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ ഇടപെട്ടു. പിന്നാലെ മകന് സുധാകരനെ കാണാൻ ആശുപത്രി അധികൃതർ അനുമതി നൽകി. പിതാവിന് ഓർമക്കുറവുണ്ടെന്നും സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോകാൻ ആശുപത്രി അനുമതി നൽകിയെന്നും മകൻ വ്യക്തമാക്കി.


