കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റുമെന്ന വാര്‍ത്തകള്‍ക്ക് താല്കാലിക വിരാമം. തല്‍ക്കാലം നേതൃമാറ്റമില്ലെന്നും കെ സുധാകരന്‍ തല്‍ക്കാലം തുടരുമെന്നുമാണ് ഹൈക്കമാന്റിന്റെ അറിയിപ്പ്.
കെ സുധാകരനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ചകള്‍ തുടരവേയാണ് ഹൈക്കമാന്റിന്റെ തീരുമാനം. കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന രൂക്ഷമായ അഭിപ്രായഭിന്നതയ്ക്ക് പരിഹാരമുണ്ടാക്കാനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഒരു ഭാഗത്ത് പുരോഗമിക്കവേയാണ് സുധാകരൻ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.
അവഹേളിച്ച് ഇറക്കിവിട്ടാല്‍ എം പി സ്ഥാനം രാജിവെക്കുമെന്നായിരുന്നു സുധാകരന്റെ പ്രഖ്യാപനം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തന്നെ ഒഴിക്കാന്‍ ശ്രമം നടക്കുന്നുവെന്നും നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമാണ് കെ സുധാകരന്റെ പ്രതികരണം. താന്‍ ഒരു സ്ഥാനത്തും കടിച്ചുതൂങ്ങിനില്‍ക്കില്ലെന്നും എന്നാല്‍ അവഹേളിച്ച് ഇറക്കിവിടാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും എം പി സ്ഥാനമടക്കം രാജിവെക്കുമെന്നുമാണ് സുധാകരന്‍ നേതാക്കളെ അറിയിച്ചത്. കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റിയാൽ എം പി സ്ഥാനം രാജിവച്ചൊഴിയുമെന്ന സുധാകരന്റെ ഭീഷണി ഫലം കണ്ടു.




