ന്യൂഡല്‍ഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് മണാലിയില്‍ ആരംഭിച്ച കഫേയ്ക്ക് അഭിനന്ദനം അറിയിച്ച് പണികിട്ടിയിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. ‘ദി മൗണ്ടെയ്ന്‍ സ്റ്റോറി’ എന്ന പേരില്‍ കങ്കണ ആരംഭിച്ച കഫേയ്ക്കാണ് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടില്‍ നിന്ന് ആശംസ അറിയിച്ചിരിക്കുന്നത്.
‘നിങ്ങളുടെ പുതിയ ‘പ്യൂവര്‍ വെജിറ്റേറിയന്‍’ റസ്റ്റോറന്റിനെക്കുറിച്ച് അറിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാ വിനോദ സഞ്ചാരികള്‍ക്കും രുചികരമായ ഹിമാചലി സസ്യാഹാരങ്ങള്‍ നിങ്ങള്‍ വിളമ്പുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നു’, എന്നാണ് കോണ്‍ഗ്രസ് കേരള ഘടകം എക്സില്‍ കുറിച്ചത്.
ആശംസ പോസ്റ്റ് വൈറലായതോടെ സംഭവത്തിനെതിരെ നെറ്റിസണ്‍സ് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോയെന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നു. ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ഉച്ചഭക്ഷണ സമയത്താണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് എനിക്ക് 100 ശതമാനം ഉറപ്പാണെന്ന കമന്റുകളും പോസ്റ്റിന് താഴെ വന്നിരുന്നു.






