അതിസമ്പന്നരുടെ പട്ടികയില്‍ ആഗോള തലത്തില്‍ നാലാം സ്ഥാനത്ത് ഇന്ത്യ. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ നൈറ്റ് ഫ്രാങ്കിന്‍റെ ഏറ്റവും പുതിയ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. 85,698 ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ ആണ് ഇന്ത്യയിലുള്ളതെന്നാണ് റിപ്പോർട്ടിലുളളത്.
കുറഞ്ഞത് 8 കോടി രൂപയെങ്കിലും നിക്ഷേപം നടത്താന്‍ സാധിക്കുന്ന തരത്തില്‍ അധിക തുക കയ്യിലുള്ളവരെയാണ് അതിസമ്പന്നരായി കണക്കാക്കുന്നത്. നിക്ഷേപം നടത്താന്‍ സാധിക്കുന്ന രീതിയില്‍ 8 കോടി രൂപ തുകയായി പക്കലുണ്ടോ എന്നതാണ് മാനദണ്ഡമായി കണക്കാക്കുന്നത്. അതി സമ്പന്നരില്‍ 3.7 ശതമാനം പേര്‍ ഇന്ത്യക്കാരാണ്.
യുഎസ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. സമ്പന്നരെ സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതി സമ്പന്നരില്‍ 40% യുഎസിലാണ് താമസിക്കുന്നത്. ചൈനക്കാരാണ് 20 ശതമാനം പേര്‍. ജപ്പാനില്‍ നിന്ന് 5 ശതമാനം പേരാണ് പട്ടികയിലുള്ളത്. ജര്‍മനിയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ആറാമത് കാനഡയും ഏഴാമത് യു.കെയുമാണ്.






