മലപ്പുറം: പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ടായ പരിശ്രമത്തിൽ 75 വയസ്സ് പ്രായമുള്ള സ്ത്രീയുടെ വയറിൽ നിന്ന് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ മൂന്നര കിലോ ഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തു. വയറിൽ ഗ്യാസിന്റെ പ്രശ്നങ്ങളാണെന്ന് കരുതിയാണ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. വിശദമായ സ്കാനിങ്ങിലൂടെയാണ് 21 സെന്റീമീറ്റർ നീളവും 20 സെന്റീമീറ്റർ വീതിയുമുള്ള വലിയ മുഴ കണ്ടു പിടിച്ചത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് നിർദേശിക്കുകയായിരുന്നു.
പ്രഷറും പ്രമേഹവും ശ്വാസം മുട്ടലും ഉള്ള രോഗിക്ക് അനസ്തേഷ്യയും വെല്ലുവിളിയായിരുന്നു. ഗൈനക്കോളജി വിഭാഗത്തിലെയും അനസ്തേഷ്യ വിഭാഗത്തിലെയും ഡോക്ടർമാരുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തീയറ്ററിലെ നഴ്സിങ് വിഭാഗത്തിന്റെയും ടെക്നീഷ്യന്മാരുടെയും പിന്തുണയോടെയാണ് ശസ്ത്രക്രിയ സാധ്യമാക്കിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയക്ക് ഗൈനക്കോളജി വിഭാഗം ഡോക്ടറായ ഡോ.റസീന, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. റഊഫ്, ഡോ.സലീന, ഡോ.രഞ്ജിത എന്നിവരും നഴ്സിങ് ഓഫിസർമാരായ സൗമ്യ, ഉമ്മുൽഹൈറ, നാസിഫ് എന്നിവരും നേതൃത്വം നൽകി.






