പാലക്കാട്: വള്ളുവനാട്ട് ചരിത്രപ്രസിദ്ധമായ ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ നടന്നുവരികയാണ്. മാർച്ച് രണ്ട് നാണ് പൂരം. ഒറ്റപ്പാലം ദേശം ഇത്തവണ വൈവിധ്യങ്ങളായ പരിപാടികളാണ് നടത്തുന്നത്. ഒറ്റപ്പാലത്ത് പൂരത്തോടനുബന്ധിച്ച് 65 അടി ഉയരത്തിൽ നില പന്തൽ ഉയരും. ചിനക്കത്തൂർ പൂരം ഒറ്റപ്പാലം ദേശ കമ്മിറ്റിയുടെ ദേശപന്തൽ എൻഎസ്എസ് കെ പി ടി സ്ക്കൂളിൽ പണി തുടങ്ങി.
65 അടി ഉയരത്തിൽ നിർമ്മിക്കുന്ന നില പന്തലിൻ്റെ കാൽനാട്ട് കർമ്മം ഭക്ത്യാദരപൂർവ്വം നടന്നു. ഇത്തവണ അഞ്ചു ദിവസം മുൻപ് തന്നെ പന്തലിൽ ദീപാലങ്കാരം തെളിയും. ഏറ്റവും വലുതും, വൈവിധ്യവുമാർന്ന നില പന്തലാണ് ദേശോത്സവത്തിനായി ഒറ്റപ്പാലം ദേശ കമ്മിറ്റി സമർപ്പിക്കുന്നത്. പ്രസിഡൻ്റ് ടി പി പ്രദീപ് കുമാർ, സെക്രട്ടറി എം കെ വിനോദൻ, ട്രഷറർ കെ വി മോഹൻകുമാർ, അച്ചുതൻ കുട്ടി, ജെസ്പൈഡ് സ്ഥാപന ഉടമ നിസാർ എന്നിവർ സംസാരിച്ചു.




