കോഴിക്കോട്: നരിക്കുനി സ്വദേശിയായ എട്ടുവയസ്സായ ആര്യൻ സുരേഷ് നന്നായി പാടും. ചാനൽ റിയാലിറ്റി ഷോകളിൽ പങ്കാളിയായി. നിരവധി സ്റ്റേജ് പ്രോഗ്രാമുകളുമുണ്ട്. എന്നാൽ ഇപ്പോൾ ആര്യൻ ബ്രോ എന്ന പേരിൽ അറിയപ്പെടുന്ന ഈ കുരുന്ന് പ്രതിഭ സൈബർ ലോകത്തും നവമാധ്യമങ്ങളിലും കയ്യടി നേടിയിരിക്കുകയാണ് ഒരു പ്രവർത്തിയിലൂടെ
കഥ ഇങ്ങനെ : കഴിഞ്ഞദിവസം-എറണാകുളം സൗത്ത് ജംഗ്ഷനിലെ മെട്രോപില്ലറിന് താഴെ ശരീരം ഭാഗികമായി തളർന്ന ടിനോ രാജ് എന്നതെരുവുഗായകൻ പാടുന്നത് ചെല്ലാനത്തെ പരിപാടി കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങാനായി റെയിൽവേ സ്റ്റേഷനിലേക്ക് അച്ഛനാപ്പെം നടന്നുവന്ന ആര്യൻ കുറച്ചുനേരം പാട്ടുകേട്ടു നിന്നു. തൊണ്ടപൊട്ടി അദ്ദേഹം പാടിയിട്ടും ബക്കറ്റിൽ നാണയക്കിലുക്കം നിറയ്ക്കാൻ പ്രയാസപ്പെടുന്നത്കണ്ടപ്പോർ അച്ഛനോട് അനുവാദം ചോദിച്ച് ആ ഗായകന്റെ മൈക്ക് കൈയിലെടുത്ത് ആര്യൻ പാട്ടങ്ങ് തുടങ്ങി .” ദൂരേ ദൂരേ ദൂരേ പാടും വാനമ്പാടി…” എന്ന പാട്ടിൽ തുടങ്ങി.
പാട്ടുകേട്ട് ആളുകൂടി. ടിനോയുടെ ബക്കറ്റിൽ നാണയങ്ങളും നോട്ടുകളും വീണു. ആര്യന്റെ പാട്ടു കേട്ട കാഴ്ചക്കാരുടെ ആവശ്യപ്രകാരം നാലു പാട്ടുകൾ കൂടി പാടിയതിന് ശേഷംനിറഞ്ഞ മനസോടെ അച്ഛന്റെ കൈയ്യും പിടിച്ച് ആര്യൻ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പിന്നെ അവിടെ കുഞ്ഞു ഗായകന്റെ വലിയ മനസിനെക്കുറിച്ച് വാഴ്ത്തു പാട്ടുകളായി. കോഴിക്കോട് നരിക്കുനി സ്വദേശിയാണ് ആര്യൻ. പുന്നശ്ശേരി എ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി. നിഷയാണ്അമ്മ. സഹോദരൻ: ആദിത്യൻ.
വല്ലാർപാടത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ടിനോ രാജ് ഒമ്പത് വർഷമായി തെരുവിൽ പാടിയാണ് കുടുംബം പോറ്റുന്നത്. ഡ്രൈവറായിരുന്നു. കുട്ടിക്കാനത്ത് കാറപകടത്തിൽപ്പെട്ട കുടുംബത്തെ ആശുപത്രിയിൽ എത്തിച്ച് മടങ്ങുന്നതിനിടെ നാടുകാണിയിൽ വച്ച് കാർ താഴ്ചയിലേക്ക് മറിഞ്ഞു. നെഞ്ചിൽ മരക്കൊമ്പ് കുത്തിക്കയറിയുണ്ടായ പരിക്ക് ഒരുവശം തളർത്തി. ജയ കുമാരിയാണ് ഭാര്യ. മക്കൾ: അമ്മിണിക്കുട്ടി, അഖിലേന്ദു, അല്ലി. ഒരു സെന്റ് ഭൂമിയിൽ ഒരു കൂരയാണ് ടിനോയുടെ സ്വപ്നം.










