കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. കോഴിക്കോട് പ്രവർത്തിക്കുന്ന സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അധ്യാപകനാണ് മർദനത്തിന് പിന്നിലെന്നാണ് ആരോപണം. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ യുവാവിനാണ് ആക്രമണം നേരിട്ടത്.
കോഴിക്കോട് ഹ്യുമാനിറ്റി ലൈഫ് കെയർ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് കേന്ദ്രത്തിനുള്ളിലായിരുന്നു സംഭവം. യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മർദനത്തെ തുടർന്ന് യുവാവിന്റെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റതിന്റെ അടയാളങ്ങളുണ്ട്. മുഖം, കൈ, കാൽ, തുട എന്നിവിടങ്ങളിലായി മർദന പാടുകൾ കണ്ടെത്തിയതായി ബന്ധുക്കൾ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






