തിരുവനന്തപുരം: വർക്കല 2015-വരെ ഇരുമുന്നണികളെയും മാറിമാറി പരീക്ഷിക്കുന്ന രീതിയാണ് വർക്കല നഗരസഭ പിന്തുടർന്നിരുന്നത്. എന്നാൽ, 2020-ൽ ആദ്യമായി എൽഡിഎഫ് ഭരണത്തുടർച്ച നേടി.കഴിഞ്ഞതവണ 33 വാർഡുകളിൽ 12 ഇടത്താണ് എൽഡിഎഫ് വിജയിച്ചത്. ബിജെപി 11, കോൺഗ്രസ് ഏഴ്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. മൂന്നു സ്വതന്ത്രരുടെ പിന്തുണയിലാണ് എൽഡിഎഫ് ഭരണം പൂർത്തിയാക്കിയത്. ഇത്തവണ ചെയർപേഴ്‌സൺ സ്ഥാനം വനിതയ്ക്കാണ്.
ഓരോ വാർഡും നിർണായകം 10 വർഷമായി തുടരുന്ന ഭരണം നിലനിർത്താൻ എൽഡിഎഫും നഷ്ടമായ ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും കഴിഞ്ഞതവണ ഏവരെയും ഞെട്ടിച്ച മുന്നേറ്റം തുടർന്ന് ഭരണത്തിലേറാൻ എൻഡിഎയും ശക്തമായ പോരാട്ടമാണ് ഇത്തവണ നടത്തുന്നത്. ശക്തമായ ത്രികോണമത്സരം ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അതിനാൽ ഓരോ വാർഡും വിജയിക്കേണ്ടത് ഭരണത്തിലെത്താൻ നിർണായകമാണ്. ഇത്തവണ ഒരു വാർഡ് വർധിച്ച് ആകെ എണ്ണം 34 ആയി. 28-ാം ജനാർദനപുരമാണ് പുതിയ വാർഡ്. മൂന്ന് മുന്നണികളും എല്ലാ വാർഡുകളിലും മത്സരിക്കുന്നു. 34 വാർഡുകളിലായി 127 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
എൽഡിഎഫിൽ സിപിഎം 29-ഉം സിപിഐ അഞ്ചും വാർഡുകളിൽ മത്സരിക്കുന്നു. യുഡിഎഫിൽ കോൺഗ്രസ് 33-ഉം ആർഎസ്‌പി ഒന്നും വാർഡുകളിലാണ് മത്സരിക്കുന്നത്. എൻഡിഎയിൽ ബിജെപി 32-ഉം ബിഡിജെഎസ് രണ്ടും വാർഡുകളിൽ ജനവിധി തേടുന്നു. മുന്നണി സ്ഥാനാർഥികൾക്കു പുറമേ വിമതരും സ്വതന്ത്ര സ്ഥാനാർഥികളും മത്സരിക്കുന്നു. കോൺഗ്രസ് ആറും എൽഡിഎഫ് മൂന്നും ബിജെപി ഒന്നും വാർഡുകളിൽ റിബൽ ഭീഷണി നേരിടുന്നു. എൻഡിഎയിലെ ഘടകകക്ഷികളായ ബിഡിജെഎസും ശിവസേനയും ഒരു വാർഡിൽ പരസ്പരം മത്സരിക്കുന്നുണ്ട്.
വീണ്ടും മത്സരിക്കുന്നത് 19 കൗൺസിലർമാർ നിലവിലെ ഭരണസമിതിയിലെ 19 കൗൺസിലർമാർ വീണ്ടും ജനവിധി തേടുന്നുണ്ട്. എൻഡിഎയുടെ ഒൻപതും എൽഡിഎഫിലെ ആറും യുഡിഎഫിലെ നാലും കൗൺസിലർമാർ വീണ്ടും മത്സരിക്കുന്നു. നഗരസഭാ ചെയർമാൻ കെ.എം.ലാജി ഇത്തവണ മത്സരിക്കുന്നില്ല. എൽഡിഎഫിനായി മുൻ വൈസ് ചെയർമാൻ എസ്. അനിജോ, നിലവിലെ ഗീതാ ഹേമചന്ദ്രൻ, എസ്. ബിന്ദു, ശുഭാ ഭദ്രൻ, സജിത്ത് റോയി തുടങ്ങിയവർ മത്സരിക്കുന്നു.
കോൺഗ്രസിനായി മുൻ ചെയർമാൻ കെ. സൂര്യപ്രകാശ്, മുൻ ആക്ടിങ് ചെയർമാൻ ബിജു ഗോപാലൻ, മുൻ വൈസ് ചെയർപേഴ്‌സൺ സുമയ്യ, നിലവിലെ കൗൺസിലർമാരായ എസ്.പ്രദീപ്, രാഗശ്രീ, ബിന്ദു തിലകൻ, ഡോ. സി.യു.ഇന്ദുലേഖ, വർക്കല മണ്ഡലം പ്രസിഡന്റ് സജി വേളിക്കാട് തുടങ്ങിയവർ മത്സരിക്കുന്നു. ബിജെപിക്കായി നിലവിലെ കൗൺസിലർമാരായ ആർ.അനിൽകുമാർ, പ്രിയാ ഗോപൻ, ആർ.വി.വിജി, എ.ആർ.അനീഷ്, ഷീനാ കെ. ഗോവിന്ദ്, രാഖി, അനു, സിന്ധു, മുൻ കൗൺസിലർ സുനിൽകുമാർ തുടങ്ങിയവരും മത്സരിക്കുന്നു.
കൂടാതെ നിലവിലെ വൈസ് ചെയർപേഴ്‌സൺ കുമാരി സുദർശിനി, കൗൺസിലർ ആമിനാ അലിയാർ എന്നിവർ സ്വതന്ത്ര സ്ഥാനാർഥികളായി ജനവിധി തേടുന്നു. കണ്വാശ്രമം, രഘുനാഥപുരം, പുത്തൻചന്ത, പുന്നമൂട് വാർഡുകളിൽ ആറുവീതം സ്ഥാനാർഥികളുണ്ട്. നിലവിലെ ബിജെപി കൗൺസിലർ അശ്വതിയും സിപിഎം കൗൺസിലർ ജയചന്ദ്രൻനായരും ആറോളം മുൻ കൗൺസിലർമാരും വിമതരായി മത്സരിക്കുന്നു.
നഗരസഭാ ചരിത്രം വർക്കല നഗരസഭയിൽ 1980 മുതൽ 88 വരെ അഡ്മിനിസ്‌ട്രേറ്റർ ഭരണമായിരുന്നു. 1988-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച് കോൺഗ്രസിലെ എം.എൻ.ത്യാഗരാജനായിരുന്നു ആദ്യ ചെയർമാനായത്. 1990-ൽ കോൺഗ്രസിലെ ജി. ചന്ദ്രചൂഡൻ ചെയർമാനായി. 1995-ലാണ് എൽഡിഎഫിന് ആദ്യമായി നഗരസഭാ ഭരണം ലഭിക്കുന്നത്. പ്രസന്നാ ഭാസ്കരനായിരുന്നു ചെയർപേഴ്‌സൺ. 2000-ൽ വീണ്ടും യുഡിഎഫ് ഭരണത്തിലേറി. 2005-ൽ എൽഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. 2010-ൽ യുഡിഎഫ് തിരികെ ഭരണത്തിലെത്തി. 2015-ൽ അധികാരത്തിലെത്തിയ എൽഡിഎഫ് 2020-ലും ഭരണം നിലനിർത്തി.






