സി പി സതീഷ് കുമാർ വ്യത്യസ്തനാകുന്നത് തന്റെ മുമ്പിൽ നിൽക്കുന്ന ഒരു ചെടിയെ നിറം കൊടുത്തു കടലാസിൽ നിറയ്ക്കുമ്പോളാണ്. അദ്ദേഹത്തിന്റെ രചനകളിൽ നീർ ചാലുകളും, ഇടവഴിയും, മരങ്ങളും എല്ലാം നിറയുന്നു. പെൻസിലും, പേനയും, വാട്ടർ കളറും ഒക്കെയായി അത് നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ഇത് തനിക്കു മറ്റുള്ളവരെ ബോധിപ്പിക്കാൻ അല്ല മറിച്ചു തന്റെ കലയെ കൂടുതൽ മൂർച്ചയുള്ളതാക്കാൻ വേണ്ടിയാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഈ വർഷം ജനുവരി ഒന്നിന് ആരംഭിച്ച, പേന കൊണ്ടു വരച്ചത് 150 ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും മികച്ചത്. എല്ലാം ഒന്നിനൊന്നു വ്യത്യാസം. കൂടാതെ 151 മുതൽ 300 വരെ പെൻസിൽ കൊണ്ടു വരച്ച ചിത്രങ്ങൾ. പിന്നീട് അങ്ങോട്ട് വാട്ടർ കളർ കൊണ്ടുള്ള രചനകൾ. ഇതു എന്തിനാണെന്ന് ചോദിച്ചാൽ ചിത്രങ്ങൾ തന്റെ ഉൾ മനസ്സിൽ എപ്പോഴോ കൂടി ചേർന്ന അടുക്കും ചിട്ടയുമുള്ള പ്രക്രിയയാണെന്ന് അദ്ദേഹം പറയുന്നു.
കോട്ടയം നീണ്ടൂർ സ്വദേശിയായ സതീഷ് ഒരു കവി കൂടിയാണ്. പച്ചപ്പും, വയൽ വരമ്പും ഒട്ടും കൈവിട്ടു പോകാതെ തന്റെ കൂടെ കൂട്ടാൻ ഈ കലാകാരൻ ശ്രമിക്കുന്നു. ‘സീബ്ര’ എന്ന ആദ്യ കവിത സമാഹാരം ഇതിനോടകം വായനക്കാർക്കിടയിൽ ഇടം നേടിയിരിക്കുകയാണ്. ഭാര്യ രാഖി യും അദ്ദേഹത്തിന്റെ കലാ ജീവിതത്തിൽ താങ്ങായി ഒപ്പം നിൽക്കുന്നു.




