കോട്ടയം: കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ ലൂര്‍ദ് മാതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും തിരുനാളിനോടനുബന്ധിച്ച് ഇന്നലെ കോട്ടയം നഗരത്തില്‍ നടന്ന പട്ടണപ്രദക്ഷിണം നഗരത്തെ ഭക്തിസാന്ദ്രമാക്കി. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നായിരുന്നു പ്രദക്ഷിണം. ലൂര്‍ദ്മാതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും തിരുസ്വരൂപങ്ങള്‍ വഹിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദീപാലംകൃതമായ വീഥിയിലൂടെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിലേക്കായിരുന്നു പട്ടണപ്രദക്ഷിണം.
പ്രാര്‍ഥനാ സ്തുതിഗീതങ്ങളും മരിയന്‍ ഗീതങ്ങളുമായി നടന്നുനീങ്ങിയ പ്രദക്ഷിണത്തില്‍ ചെറിയ മുത്തുക്കുടകളുമായി കുട്ടികളും കത്തിച്ച മെഴുകുതിരികളും വലിയ മുത്തുക്കുടകളുമായി നൂറുകണക്കിനു വിശ്വാസികളും അണിചേര്‍ന്നു. വാദ്യമേളങ്ങളും കരിമരുന്നു പ്രയോഗവും പ്രദക്ഷിണത്തെ വര്‍ണാഭമാക്കി.
വികാരി ഫാ. ജേക്കബ് വട്ടയ്ക്കാട്ട്, ഫാ. തോമസ് പാറത്താനം, ഫാ. സേവ്യര്‍ ഇലവുംമൂട്ടില്‍, ഫാ. ടോണി കോയില്‍പറമ്പില്‍ എന്നിവര്‍ തിരുനാള്‍ പ്രദക്ഷിണത്തിനു നേതൃത്വം നല്കി. പ്രദക്ഷിണത്തിനുശേഷം രാത്രി എട്ടിന് കാഞ്ഞിരപ്പള്ളി അമലയുടെ ‘ഒറ്റ’ എന്ന നാടകവുമുണ്ടായിരുന്നു.




