പാലക്കാട്: ഒറ്റപ്പാലം പത്തിരിപ്പാല പൂക്കാട്ടു കുന്നിൽ വെള്ളം ചോദിച്ചെത്തിയ മോഷ്ടാവ് വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ കാതിലെ കമ്മലും കഴുത്തിലെ മലയും കവർന്നു. വീട്ടുടമയുടെ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ കഴുത്തിലെ മാലയും കവർന്നാണ് കടന്നുകളഞ്ഞത് വീട്ടുടമയുടെ ബന്ധുവായ ചിറ്റൂർ സ്വദേശിനി പ്രേമയുടെ കാതിൽ നിന്നാണ് കമ്മൽ പിടിച്ചു പറിച്ചത്.
പത്തിരിപ്പാല പൂക്കാട്ടുകുന്നിൽ ബുധനാഴ്ച രാവിലെ 10 : 40 ഓടെയായിരുന്നു സംഭവം നടക്കുന്നത്. വീട്ടുടമ രുഗ്മിണിയുടെ ബന്ധുവായ 55 കാരി പ്രേമയും രണ്ടു വയസ്സു പ്രായമുള്ള രുഗ്മിണിയുടെ മകളുടെ കുട്ടിയും മാത്രമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. വെള്ളം ചോദിച്ചെത്തിയയാളാണ് കവർച്ച നടത്തി കടന്നു കളഞ്ഞത്. വെള്ളമെടുക്കാനായി വീടിനുള്ളിലേക്ക് കയറിയതും പ്രേമയെ മോഷ്ടാവ് പിന്നിൽ നിന്നും ചവിട്ടി വീഴ്ത്തി.
പ്രേമയുടെ വായ് പൊത്തിപ്പിടിച്ച് ബലംപ്രയോഗിച്ച് കഴുത്തിൽ ഉണ്ടായിരുന്ന താലിമാലയും കാതിലെ മൂന്നു ഗ്രാം തൂക്കം വരുന്ന കമ്മലും മോഷ്ടിച്ചു. ബോധരഹിതയായി നിലത്തു കിടന്ന പ്രേമക്ക് വീട്ടുകാരെത്തി വിളിച്ചപ്പോഴാണ് ബോധം തിരിച്ചു കിട്ടിയത്. തുടർന്ന് കുട്ടിയെ പരിശോധിച്ചപ്പോഴാണ് കഴുത്തിലെ ഒരു പവൻ തൂക്കം വരുന്ന മാലയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കാതിലെ കമ്മൽ വലിച്ചു പറക്കുന്നതിനിടെ ഇടതു ചെവിക്ക് പരിക്കേറ്റ പ്രേമയെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒറ്റപ്പാലം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






