ബാരാമതി: മഹീന്ദ്ര താർ എസ്യുവി ഉപയോഗിച്ച് ട്രാഫിക് പൊലീസുകാരനെ ഇടിച്ചുവീഴ്ത്തിയ ശേഷം റോഡിലൂടെ വലിച്ചിഴച്ചു. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
ട്രാഫിക് പൊലീസുകാരൻ വാഹനം തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അതിക്രമം. പൊലീസുകാരന്റെ നിർദേശപ്രകാരം ആദ്യം വാഹനം നിർത്തിയ ഡ്രൈവർ പെട്ടെന്ന് വേഗത കൂട്ടുകയായിരുന്നു. തുടർന്ന് പൊലീസുകാരനെ ഇടിച്ചുവീഴ്ത്തുകയും വാഹനത്തിനൊപ്പം റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പിന്നാലെ വാഹനം നിർത്താതെ കടന്നുപോയി.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 109, 132 വകുപ്പുകൾ പ്രകാരം ബാരാമതി സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അതിക്രമത്തിന് പിന്നിലെ കാരണം, പരിക്കേറ്റ പൊലീസുകാരന്റെ ആരോഗ്യനില, വാഹനത്തിന്റെ ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പുറത്തുവന്നിട്ടില്ല.


