കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30നാണ് സംഭവം. മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മില്‍ ഈ സമയം ആരുമുണ്ടായിരുന്നില്ല.
ഇടയ്ക്കിടെ വ്യായാമം ചെയ്യാന്‍ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ 6 മണിയോടെയാണ് ജിമ്മില്‍ എത്താറുള്ളത്. എന്നാല്‍ മറ്റാവശ്യങ്ങള്‍ ഉള്ളതിനാല്‍ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട് ഇതിനു മുന്‍പ് നെഞ്ചില്‍ കൈകള്‍ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കന്‍ഡുകള്‍ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു.
20 മിനിറ്റോളം തറയില്‍ കിടന്ന രാജിനെ 5.45ന് ജിമ്മിലെത്തിയവരാണ് കാണുന്നത്. ഉടന്‍ സിപിആര്‍ നല്കി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല രാജിന്റെ വീട്ടില്‍ നിന്ന് ജിമ്മിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരം മാത്രമേയുള്ളൂ. ചാലപ്പുറം ഏബ്രഹാമിന്റെയും ഗ്രേസിയുടെയും മകനാണ്. ഭാര്യ ലിജി വിദേശത്ത് നഴ്സായി ജോലി ചെയ്യുന്നു.






