ആലപ്പുഴ: ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ രാധാകൃഷ്ണൻ–സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്. സുഹൃത്തായ ആദിത്യൻ (20) ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ബൈക്കിന് പെട്രോൾ തീർന്നതിനെ തുടർന്ന് നിർത്തി പരിശോധിക്കുന്നതിനിടെയാണ് കോഴിയുമായി പോയ പിക്കപ്പ് വാൻ ഇടിച്ചത്. ഹരിനാരായണൻ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ആദിത്യനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ൽ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയായിരുന്ന ഹരിനാരായണൻ മൃദംഗ കലാകാരനുമായിരുന്നു.സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.




