ബെംഗളൂരു: നഗരത്തിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന വാഹനങ്ങൾ നീക്കി ലേലം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കുന്നതിനായി ട്രാഫിക് പൊലീസും നഗരസഭകളും ചേർന്നാണ് നടപടി സ്വീകരിക്കുന്നത്.
റോഡുകളിലും നടപ്പാതകളിലും ഉപേക്ഷിച്ച വാഹനങ്ങൾ വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നഗരത്തിൽ 1500-ലധികം വാഹനങ്ങൾ ഇത്തരത്തിൽ പൊതുസ്ഥലങ്ങളിൽ കിടക്കുന്നതായാണ് കണക്കാക്കുന്നത്.
വാഹന ഉടമകൾ സ്വമേധയാ വാഹനങ്ങൾ മാറ്റണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പാലിക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കും. വാഹന നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോഗിച്ച് ഉടമകളെ കണ്ടെത്തി വാഹനങ്ങൾ മാറ്റാൻ നിർദേശം നൽകും. ഉടമകളെ കണ്ടെത്താൻ കഴിയാത്ത വാഹനങ്ങളിൽ നോട്ടീസ് പതിക്കും. ഏഴ് ദിവസത്തിനകം വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ ടോവിങ് വാഹനങ്ങൾ ഉപയോഗിച്ച് മാറ്റുകയും തുടർന്ന് 15 ദിവസം സമയം നൽകുകയും ചെയ്യും.
വാഹനങ്ങളുടെ വിവരങ്ങൾ നഗരസഭയുടെ വെബ്സൈറ്റിലും കന്നഡ പത്രങ്ങളിലും പ്രസിദ്ധീകരിക്കും. ഈ സമയത്തിനുള്ളിൽ ഉടമകൾ എത്തിയാൽ ടോവിങ് ഫീസ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി വാഹനം തിരികെ എടുക്കാം.
വാഹനം ഏറ്റെടുക്കാൻ ആരും എത്തിയില്ലെങ്കിൽ അവ ലേലം ചെയ്യും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ നോട്ടീസ് പതിക്കുന്ന നടപടി ആരംഭിച്ചു. ബെംഗളൂരു നഗര വികസന വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡയാണ് നടപടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. നടപ്പാത കൈയേറ്റങ്ങൾക്കെതിരായ നടപടികൾക്ക് പിന്നാലെയാണ് വഴിമുടക്കുന്ന വാഹനങ്ങൾ നീക്കാനുള്ള പ്രത്യേക ദൗത്യവും ആരംഭിച്ചത്.












