ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ തപാൽവകുപ്പിൽ പോസ്റ്റൽ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഊർമിള സൈനി ഭർത്താവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് അഖിലേഷ് സൈനിക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അഖിലേഷ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വൈകിട്ട് സ്കൂൾ വിട്ടെത്തിയ 14-കാരിയായ മകളാണ് വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
വ്യാപാരിയായ അഖിലേഷ് കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവദിവസം രാവിലെ മകളെയും ഏഴ് വയസ്സുള്ള മകനെയും സ്കൂളിൽ എത്തിച്ച ശേഷം തന്റെ എ.ടി.എം. കാർഡും പിൻ നമ്പറും കുട്ടികൾക്ക് കൈമാറിയ ഇയാൾ, വൈകിട്ട് സ്കൂൾ വിട്ടാൽ ബന്ധുവീട്ടിലേക്ക് പോകണമെന്നും നിർദേശിച്ചിരുന്നു. തനിക്കും അമ്മയ്ക്കും ചില ആവശ്യങ്ങൾക്കായി പുറത്തുപോകേണ്ടതുണ്ടെന്നുമാണ് കുട്ടികളോട് പറഞ്ഞത്. എന്നാൽ മകൾ നേരിട്ട് വീട്ടിലെത്തിയപ്പോഴാണ് അമ്മ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ദമ്പതികൾക്കിടയിൽ നേരത്തെയും കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട ഊർമിളയുടെ സഹോദരൻ രാജ്കുമാർ അറിയിച്ചു. ഭോപ്പാലിൽ താമസിച്ചിരുന്ന കാലത്തും കുടുംബവഴക്കിൽ പൊലീസ് ഇടപെട്ടിരുന്നുവെന്നും കുട്ടികളെ പരിഗണിച്ചാണ് ഊർമിള ഭർത്താവിനൊപ്പം തുടരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


