കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സമ്മര്‍ദം ശക്തമാക്കാന്‍ ഐ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേര്‍ന്നു. അബിന്‍ വര്‍ക്കിയെ സംസ്ഥാന പ്രസിഡന്റാക്കണമെന്ന ആവശ്യം ശക്തമായി നേതൃത്വത്തിന് മുന്നില്‍ വെയ്ക്കാനാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് സ്ഥാനത്തിനായി കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ സമ്മര്‍ദം ശക്തമാക്കിയത്. കൊച്ചിയില്‍ നടന്ന യോഗത്തില്‍ ഡിസിസി ഭാരവാഹികളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന സൂചനകള്‍ക്കിടയാണ് ഐ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദം നീക്കം.
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെ പദവിയ്ക്കായി നേരത്തെ മുതല്‍ പോര് ശക്തമായിരുന്നു. നിലവിലെ ഭാരവാഹികള്‍ അല്ലാതെ പുറത്തുനിന്ന് ഒരാളെ കൊണ്ട് വന്നാല്‍ രാജി വെക്കുമെന്ന് അബിന്‍ വര്‍ക്കി അടക്കം 40 ഭാരവാഹികള്‍ നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. സ്വാഭാവിക നീതി നിഷേധിക്കരുതെന്നാണ് ഭാരവാഹികള്‍ ദേശീയ നേതൃത്വത്തിനെ അറിയിച്ചിരിക്കുന്നത്.




