തിരുവനന്തപുരം: കിഫ്ബി നിർത്തലാക്കുന്നത് കേരളത്തിന് വലിയ ആഘാതമാകുമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ബജറ്റിലെ പണം മാത്രം ഉപയോഗിച്ച് പശ്ചാത്തല വികസന പദ്ധതികൾ നടപ്പാക്കാനാകില്ലെന്നും ഇതോടെ സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിച്ച പദ്ധതികളിൽ പകുതിപോലും ഇനി കേരളത്തിൽ നടപ്പാക്കാനാകാത്ത സാഹചര്യമുണ്ടാകുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
കിഫ്ബിയുടെ വിശ്വാസ്യത സർക്കാർ തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു. വായ്പയെടുക്കുന്നതിലെ സാങ്കേതിക പരിമിതികൾ മറികടക്കാനാണ് കിഫ്ബി രൂപീകരിച്ചതെന്നും മുപ്പതിനായിരം കോടി രൂപ കിഫ്ബിയുടെ കൈവശം പണമായും നിക്ഷേപമായും ഉണ്ടെന്നും തോമസ് ഐസക് പറഞ്ഞു. ഈ തുകയാണ് വി ഡി സതീശൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്ബി പദ്ധതികളിൽ അഴിമതിയുണ്ടെങ്കിൽ ഏത് അന്വേഷണവും നടത്തട്ടെയെന്നും തോമസ് ഐസക് വ്യക്തമാക്കി.



