ന്യൂഡൽഹി: തന്നെ പൊലീസ് അറസ്റ്റ് ചെയ്തതല്ലെന്നും ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും പ്രമുഖ യൂട്യൂബറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി. കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിച്ച് യൂട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
താൻ വിദേശ പൗരനാണെന്ന തരത്തിൽ ‘ഗോഡി മീഡിയ’ നടത്തുന്ന പ്രചാരണങ്ങൾ പച്ചക്കള്ളമാണെന്നും താൻ ഇന്ത്യൻ പൗരനാണെന്നും ധ്രുവ് റാഠി വ്യക്തമാക്കി. രാജ്യത്തെ മറ്റേതൊരു പൗരനുമുള്ള അതേ അവകാശങ്ങൾ തനിക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ 10-ന് രാവിലെ ഏഴുമണിയോടെയാണ് സംഭവമുണ്ടായതെന്ന് ധ്രുവ് റാഠി പറഞ്ഞു. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന സമയത്ത് യൂണിഫോം ധരിക്കാത്ത അമ്പതോളം പേർ വീടിന്റെ വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ടാണ് ഉണർന്നതെന്നും നിയമപരമായ അറസ്റ്റ് വാറന്റോ തിരിച്ചറിയൽ രേഖകളോ കാണിക്കാതെ തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്നും അദ്ദേഹം ആരോപിച്ചു.
ചെരുപ്പ് ധരിക്കാൻ പോലും സമയം നൽകാതെ ജീപ്പിൽ കയറ്റിക്കൊണ്ടുപോയെന്നും തന്റെയും മാതാപിതാക്കളുടെയും ഫോണുകൾ പിടിച്ചെടുത്തെന്നും റാഠി പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷവും അഭിഭാഷകനെ കാണാനോ ഫോൺ ഉപയോഗിക്കാനോ ഏകദേശം 22 മണിക്കൂറോളം അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
പുലർച്ചെ മൂന്നുമണിയോടെയാണ് ധ്രുവ് റാഠിയെ വിട്ടയച്ചതെന്നാണ് വിവരം. ജന്തർ മന്തറിലേക്ക് പോകരുതെന്ന ഉപാധിയോടെയാണ് വിട്ടയച്ചതെന്നും റിപ്പോർട്ടുകളുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി സംഘടിപ്പിച്ച സമരത്തിൽ പങ്കെടുക്കാനിരിക്കെയാണ് ഒക്ടോബർ 10-ന് ഗുരുഗ്രാമിലെ വീട്ടിൽനിന്ന് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അദ്ദേഹത്തെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.




