അബുദാബി: അബുദാബിയിലെ സായിദ് പോർട്ടിന് സമീപമുള്ള പ്രശസ്തമായ കാർപെറ്റ് സൂക്കിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. തീ നിയന്ത്രണവിധേയമാക്കുന്നതിനും സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും അബുദാബി പൊലീസ്, സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവർ ചേർന്ന് ശക്തമായ രക്ഷാപ്രവർത്തനം നടത്തുകയാണ്. വിവരം ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സ് അടക്കമുള്ള അടിയന്തര വിഭാഗങ്ങൾ സ്ഥലത്തെത്തി.
തീ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻ കരുതൽ നടപടികളും തുടരുകയാണ്. സമീപ പ്രദേശങ്ങളിലെ റോഡ് ഗതാഗതത്തെ സംഭവം ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അബുദാബി പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, തീപിടിത്തവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളോ ദൃശ്യങ്ങളോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി. ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.




