കാസർകോട്: സർക്കാർ നൽകുന്ന പെൻഷൻ മൂന്ന് മാസമായി മുടങ്ങിയതോടെ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിൽ. പെൻഷൻ കുടിശികയായതോടെ നീതി മെഡിക്കൽ സ്റ്റോറുകൾ വഴി നൽകിയിരുന്ന സൗജന്യ മരുന്ന് വിതരണവും നിർത്തിവച്ചു.
മാർച്ചിലാണ് ദുരിതബാധിതർക്ക് അവസാനമായി പെൻഷൻ ലഭിച്ചത്. പ്രതിമാസ പെൻഷനെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന നിരവധി കുടുംബങ്ങൾ ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് പരാതിയുണ്ട്.
സൗജന്യ മരുന്ന് വിതരണം നടത്തിയിരുന്ന നീതി മെഡിക്കൽ സ്റ്റോറുകൾക്ക് സർക്കാർ 44 ലക്ഷത്തിലധികം രൂപ കുടിശിക നൽകാനുണ്ടെന്നാണ് വിവരം. ഇതിനെ തുടർന്നാണ് മരുന്ന് വിതരണം നിർത്തിയത്.
ബജറ്റിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, പെൻഷനും മരുന്നും ലഭിക്കാത്ത സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്ന് ദുരിതബാധിതരും കുടുംബങ്ങളും ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് സിപിഐഎം നേതാവ് പി.കെ. ശ്രീമതി രംഗത്തെത്തി. ദുരിതബാധിതർക്ക് പെൻഷനും മരുന്നും പ്രഥമ പരിഗണന നൽകി ഉടൻ ലഭ്യമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
സർക്കാർ നൽകുന്ന സഹായം ആനുകൂല്യമല്ല, മറിച്ച് ഉത്തരവാദിത്തമാണെന്നും തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പി.കെ. ശ്രീമതി പറഞ്ഞു.




