ഹൈദരാബാദ്: ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമ ചിത്രം ‘പെഡ്ഡി’യുടെ ഷൂട്ടിങ്ങിനിടെ നടൻ രാംചരണിന് പരിക്ക്. കണ്ണിന് മുകളിലായാണ് പരിക്കേറ്റത്. ആക്ഷൻ സീനിന്റെ ചിത്രീകരണത്തിനിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം. പരിക്കിനെ തുടർന്ന് നാലു തുന്നലുകൾ ഉണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും, കണ്ണിന് യാതൊരു പ്രശ്നവും ഇല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ചികിത്സയ്ക്ക് ശേഷം രാംചരണൻ വീണ്ടും ഷൂട്ടിങ് സെറ്റിൽ തിരിച്ചെത്തിയതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമിക്കുന്ന ചിത്രത്തിൽ ജാൻവി കപൂർ നായികയായി എത്തുന്നു. ശിവരാജ്കുമാർ, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. എ.ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. 2024 നവംബറിൽ ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറങ്ങിയിരുന്നു. പുറത്തിറങ്ങിയ ഒരു പാട്ട് വലിയ ഹിറ്റായിട്ടുണ്ട്.






