വിജയ് സേതുപതി നായകനായി അറുമുഗകുമാര്‍ സംവിധാനം ചെയ്തു പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രമാണ് ഏസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും എന്നാൽ കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കാനായില്ല. ഓപ്പണിംഗില്‍ ഏസിന് ഏകദേശം ഒരു കോടി രൂപയോളം നേടാനായെങ്കിലും പിന്നീട് കുറഞ്ഞ കളക്ഷൻ മാത്രമേ നേടാനായുള്ളൂ. ഒരാഴ്‍ച പിന്നിടുമ്പോള്‍ ചിത്രത്തിന് 6.47 കോടി രൂപയേ നേടാനായുള്ളൂ എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വളരെ ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ബോൾഡ് കണ്ണൻ’ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ നിർമ്മിച്ച ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
പൂർണ്ണമായും മലേഷ്യയിൽ ചിത്രീകരിച്ച എയ്‌സിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തിന്റെ ആഴത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും ആരാധകരിൽ ആവേശം സൃഷ്ടിക്കുന്ന ഒരു ഗ്ലിംമ്പ്സ് വീഡിയോ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പുറത്ത് വന്നിരുന്നു. ഇത് കൂടാതെ ചിത്രത്തിന്റെ ഒരു ടീസർ, ഇതിലെ ഒരു വീഡിയോ ഗാനം എന്നിവയും പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്‍തിരുന്നു.






