തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽ മ്യൂസിയം പൊലീസിനെ വെള്ള പൂശി സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ അലംഭാവം സംഭവിച്ചിട്ടില്ലെന്ന് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അപകടവിവരം ലഭിച്ച ഉടൻ കൺട്രോൾ റൂം വാഹനവും മ്യൂസിയം പൊലീസും സ്ഥലത്തെത്തി, പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനായിരുന്നു ആദ്യം ശ്രദ്ധ നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാത്രി രണ്ട് തവണ രാജുവിന്റെ വീട്ടിലെത്തിയ പൊലീസിന്റെ ദൃശ്യങ്ങൾ തെളിവായി ഉണ്ടെന്നും, രാജു തന്നെയാണ് പൊലീസിനെ വിളിച്ചതെന്ന വാദം വിശ്വസനീയമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി ആറിന് രാത്രി പത്ത് മണിയോടെ തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിന് മുന്നിലായിരുന്നു അപകടം. അപകടത്തിന് പിന്നാലെ നടൻ വാഹനം നിർത്താതെ പോയെങ്കിലും പിന്നീട് സ്റ്റേഷനിൽ ഹാജരായി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ താൻ തന്നെയാണ് ഓടിച്ചതെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് അമിതവേഗത്തിൽ വന്ന് ഇടിച്ചതായും ഭയന്നാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം പറഞ്ഞു.






