കോട്ടയം: വെച്ചൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ള ലഭ്യത പൂർണ്ണമായും നിലച്ചതോടെ ജനജീവിതം ദുസ്സഹമാകുന്നു. മുൻകാലങ്ങളിൽ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും കുടിവെള്ളം ലഭിച്ചിരുന്ന സ്ഥാനത്ത്, ഇപ്പോൾ ആഴ്ചകളോളം പൈപ്പുകൾ കായുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വേനൽ കനക്കുന്നതിന് മുൻപേ തുടങ്ങിയ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആരോപണം.
മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ കുടിവെള്ളത്തിനായി ടാങ്കറുകൾ ഏർപ്പെടുത്തണമെന്ന് മുറവിളി കൂട്ടിയവരാണ് നിലവിലെ ഭരണസമിതിയെന്നും, അധികാരം ലഭിച്ചപ്പോൾ പഴയ ആവശ്യങ്ങൾ സരൗകര്യം വിസ്മരിക്കുകയാണെന്നും ജനങ്ങൾ കുറ്റപ്പെടുത്തുന്നു.
ജനങ്ങളുടെ നിരന്തരമായ പരാതികൾ ഉണ്ടായിട്ടും അടിയന്തര നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറാകാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദൈനംദിന ആവശ്യങ്ങൾക്കുപോലും വെള്ളമില്ലാതെ വലയുന്ന സാഹചര്യത്തിൽ, പഞ്ചായത്ത് ഭരണസമിതി ഉടനടി ഇടപെട്ട് ടാങ്കറുകളിലെങ്കിലും വെള്ളമെത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.




