ചെന്നൈ: നടിയും രാഷ്ട്രീയ നേതാവുമായ ഗൗതമി അണ്ണാ ഡിഎംകെ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറി സ്ഥാനത്തുനിന്നുമാണ് അവർ രാജി വെച്ചത്. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് അയച്ച കത്തിലൂടെയാണ് ഗൗതമി രാജി അറിയിച്ചത്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം എടുത്തതെന്നും അവർ വ്യക്തമാക്കി.
രാജിക്കത്തിന്റെ വിശദാംശങ്ങൾ ഗൗതമി എക്‌സിലൂടെ പുറത്തുവിട്ടു. കടുത്ത വേദനയോടെയാണ് പാർട്ടി വിടുന്നതെന്നും ഇനി ജനസേവനത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കും കൂടുതൽ സമയം നൽകുമെന്നും അവർ പറഞ്ഞു. പാർട്ടിയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണയ്ക്ക് നന്ദിയും അറിയിച്ചു.
2024 ഫെബ്രുവരിയിലാണ് ഗൗതമി ബിജെപി വിട്ട് അണ്ണാ ഡിഎംകെയിൽ ചേർന്നത്. പിന്നീട് ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറിയായി നിയമിതയായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജപാളയത്ത് നിന്ന് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. അതിനിടെ, അണ്ണാ ഡിഎംകെയിലെ പല നേതാക്കളും രാജിവെക്കുന്ന സാഹചര്യത്തിലാണ് ഗൗതമിയുടെയും പാർട്ടി വിടൽ സംഭവിച്ചത്.






