ചെന്നൈ: ഇതര ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്ത യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകാന്‍ ഔദ്യോഗിക വാഹനം നല്‍കിയെന്ന കേസില്‍ തമിഴ്‌നാട് സായുധസേന എഡിജിപി എച്ച്.എം.ജയറാമിന് സസ്‌പെന്‍ഷന്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ യുവതിയുടെ ബന്ധുക്കളെ സഹായിച്ചെന്നാണ് കേസ്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. 24 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.
ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നുമാണു പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയറാം സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ മറ്റൊരു പ്രതിയായ പുരട്ചി ഭരതം കക്ഷി നേതാവും കെവി കുപ്പം എംഎല്‍എയുമായ പൂവൈ ജഗന്‍ മൂര്‍ത്തിക്കെതിരെ തിരുവല്ലങ്ങാട് പൊലീസ് കേസെടുത്തു. ഇയാളെയും 8 മണിക്കൂറോളം ചോദ്യം ചെയ്തു.
തിരുവള്ളൂര്‍ സ്വദേശിയായ യുവാവ് ഇതര സമുദായത്തില്‍പ്പെട്ട യുവതിയെ കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം കഴിച്ചതാണു സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന്, കുടുംബം ഗുണ്ടകള്‍ക്കൊപ്പം യുവാവിനെ അന്വേഷിച്ചിറങ്ങി. എന്നാല്‍, ഇരുവരും ഒളിവിലായതിനാല്‍ 18 വയസ്സുള്ള സഹോദരനെ ഗുണ്ടാ സംഘം വീട്ടിലെത്തി തട്ടിക്കൊണ്ടു പോയി. ഇതു പുറത്തറിഞ്ഞതോടെ എഡിജിപിയുടെ ഔദ്യോഗിക വാഹനത്തില്‍ ഹോട്ടലിനു സമീപം ഇറക്കിവിട്ടതായും മകനു പരുക്കേറ്റതായും മാതാവിന്റെ പരാതിയില്‍ പറയുന്നു. എംഎല്‍എയും എഡിജിപിയും ചേര്‍ന്നാണു ഗൂഢാലോചന നടത്തിയതെന്നും പരാതിയുണ്ട്.






