ബെംഗളൂരു: നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കോളേജ് അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികളും കുടുംബവും രംഗത്ത്. സന്ദീപ് പാണ്ഡെ എന്ന അധ്യാപകന്റെ മാനസികവും ശാരീരികവുമായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് അവർ ആരോപിക്കുന്നു.
ആദിത്യന്റെ ബാച്ചിലെ 18 വിദ്യാർത്ഥികൾ അധ്യാപകന്റെ പീഡനം സഹിക്കാനാവാതെ പഠനം ഉപേക്ഷിച്ചതായും സഹപാഠികൾ വെളിപ്പെടുത്തി. വിഷയത്തിൽ മാനേജ്മെന്റിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും, കോളേജ് വിദ്യാഭ്യാസത്തെ ബിസിനസായി കാണുകയാണെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി.
ആദിത്യൻ മരിച്ചതിന് പിന്നാലെ കോളേജിലെ സാഹചര്യങ്ങൾ പുറത്തറിയാതിരിക്കാൻ സഹപാഠികളുടെ മൊബൈൽ ഫോണുകൾ അധികൃതർ പിടിച്ചുവെച്ചതായും ആരോപണമുണ്ട്. മരണവിവരം അറിഞ്ഞ് എത്തിയ സുഹൃത്തുക്കൾക്ക് ആദിത്യനെ അവസാനമായി കാണാൻ പോലും അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ആദിത്യൻ ലഹരിക്ക് അടിമയാണെന്ന് അധ്യാപകൻ നിരന്തരം ആരോപിച്ചിരുന്നുവെന്നും, അത് തെളിയിക്കാൻ സഹപാഠികളുടെ പേരുകൾ പറയണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയതായും കുടുംബം പറയുന്നു. ഇതിന് വഴങ്ങാത്തതിനെ തുടർന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിച്ചതായും പിതാവ് ആരോപിച്ചു. മരണം കുടുംബപ്രശ്നം മൂലമാണെന്ന് വരുത്തിത്തീർക്കാൻ കോളേജ് ശ്രമിക്കുന്നതായും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കർണാടകയും കേരളവും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




