ഇടുക്കി: അവസാനമില്ലാതെ കോണ്‍ഗ്രസിലെ ഫ്‌ളക്‌സ് യുദ്ധം. തൊടുപുഴയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടി കൂറ്റന്‍ ഫ്ളക്സ് ഉയര്‍ന്നു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവന്‍ നാട് നയിക്കും’ എന്നാണ് ഫ്ളക്സിലെ വാചകം. സതീശന്റെ വലിയ ചിത്രത്തോടൊപ്പം ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും എഴുതിയ ഫ്‌ളക്‌സ് ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇടുക്കിയില്‍ മാത്രമല്ല, കണ്ണൂരിലും വി ഡി സതീശനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ലക്‌സിലെ വാചകം. ശ്രീകണ്ഠപുരം കൊട്ടൂര്‍വയല്‍ ബസ് സ്റ്റോപ്പിന് സമീപത്താണ് ഫ്‌ലെക്‌സ് ബോര്‍ഡ് വെച്ചത്. കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.




