കൊല്ലം: ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയെ കോടതി കുറ്റവിമുക്തയാക്കി. കുന്നിക്കോട് തലവൂർ രണ്ടാലുംമൂട് സ്വദേശി സുന്ദരനാചാരി (62) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ വസന്തമ്മാൾ (60) പുനലൂർ അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തയാക്കിയത്.
2017 ഏപ്രിൽ 29-നാണ് തലവൂർ ചുണ്ടമലയിലെ വീട്ടിനുള്ളിൽ സുന്ദരനാചാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വസന്തമ്മാളിനെ അറസ്റ്റ് ചെയ്തിരുന്നു.
കുടുംബവഴക്കിനെ തുടർന്ന് വസന്തമ്മാൾ ഭർത്താവിന്റെ വായും മൂക്കും തലയണ ഉപയോഗിച്ച് അമർത്തിപ്പിടിച്ച് ബോധം കെടുത്തിയെന്നും തുടർന്ന് ഇലക്ട്രിക് വയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ സുന്ദരനാചാരിയുടേത് കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിചാരണയ്ക്കിടെ പ്രതിഭാഗം ഉന്നയിച്ച വാദങ്ങളും ഹാജരാക്കിയ തെളിവുകളും പരിഗണിച്ച കോടതി, വസന്തമ്മാളിനെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചു.
തുടർന്നാണ് വസന്തമ്മാളിനെ കോടതി കുറ്റവിമുക്തയാക്കിയത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 20 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിഭാഗത്തിനായി അഡ്വ. അനീസ് തങ്ങൾകുഞ്ഞ്, അഡ്വ. രാഹുൽ ആർ. ജെ. എന്നിവർ ഹാജരായി.



