വയനാട്: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാലമോഷണ സംഘത്തിലെ രണ്ട് സ്ത്രീകളെ പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മധുരൈ ആലങ്ങാനൂർ കണ്ണകി എന്ന അർച്ചന (രമ്യ–30), തിരുപ്പരൻകുണ്ട്രം സ്വദേശിനി ഈശ്വരി (47) എന്നിവരാണ് പിടിയിലായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇവർ വ്യാപകമായി മാലമോഷണം നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.
പ്രായമായവരെ പിന്തുടർന്ന് അവസരം നോക്കി മാല കവർന്നശേഷം ഓട്ടോറിക്ഷകളിൽ വിവിധ സ്ഥലങ്ങളിലേക്ക് മാറുകയും ലോഡ്ജുകളിലും മറ്റിടങ്ങളിലും താമസിച്ചുമാണ് ഇവർ മോഷണം തുടർന്നിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെ മീനങ്ങാടി പഞ്ചായത്ത് പരിസരത്തുനിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
പല പേരുകളിൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഇവർക്കെതിരെ നിരവധി കേസുകളും വാറന്റുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവിധ പേരുകളിൽ സ്ഥലങ്ങൾ മാറിമാറി സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹറിന്റെ മേൽനോട്ടത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ മാനന്തവാടി എ.എസ്.പി കാർത്തിക്, ഡിവൈ.എസ്.പിമാരായ എം.എം. അബ്ദുൽ കരീം, ടി.എ. അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളും പരിശോധനയിൽ പങ്കെടുത്തു.
ബസുകൾ, ഓട്ടോറിക്ഷകൾ, ലോഡ്ജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വ്യാപക പരിശോധനയ്ക്കൊടുവിലാണ് മാലമോഷണ സംഘത്തിലെ രണ്ട് പേരെ വലയിലാക്കിയത്. ജില്ലയിൽ നടന്ന മറ്റ് മോഷണക്കേസുകളിലും ഇവർക്ക് പങ്കുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.



