ന്യൂഡൽഹി: തെരുവുകളിലൂടെ നടക്കുമ്പോൾ സുരക്ഷിതരാണെന്ന് സ്ത്രീകൾക്ക് തോന്നുന്ന സാഹചര്യം ഒരുക്കാൻ അധികൃതർ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. ഡൽഹിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള തുടർച്ചയായ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ഡൽഹിയിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കുറ്റകൃത്യം നടന്നശേഷം നടപടി സ്വീകരിക്കുന്നതിന് പകരം അവ സംഭവിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുകയാണ് അധികൃതരുടെ പ്രധാന ചുമതലയെന്നും കോടതി പറഞ്ഞു.
രാത്രി 10 മണിക്ക് സ്ത്രീകൾ പുറത്തിറങ്ങിയാലും റോഡിലോ മെട്രോയിലോ സുരക്ഷിതരാണെന്ന് ഉറപ്പാക്കണം. അധികാരികളുടെ വീഴ്ച കാരണം രാജ്യതലസ്ഥാനത്ത് ഒരു സ്ത്രീയും ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
കുറ്റകൃത്യങ്ങൾക്ക് മുതിരുന്നവരുടെ മനസ്സിൽ ശക്തമായ ഭയം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി. കുറ്റവാളികൾക്ക് നിയമത്തിന്റെ ശക്തമായ പ്രതിരോധം ബോധ്യപ്പെടാത്തിടത്തോളം ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല പറഞ്ഞു.
ഭരണഘടന ഉറപ്പുനൽകുന്ന ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം പ്രധാനമാണെന്നും കോടതി വ്യക്തമാക്കി. ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡൽഹി പൊലീസിനോട് നിർദേശിച്ചു. മനുഷ്യാവകാശ സംഘടനകളുടെ വിമർശനം ഭയന്ന് ഇത്തരം നടപടികളിൽ നിന്ന് അധികൃതർ പിന്മാറരുതെന്നും കോടതി പറഞ്ഞു.



