പാലക്കാട്: വടക്കഞ്ചേരി ലക്ഷങ്ങൾ ചെലവാക്കി കുതിരാനിൽ കാട്ടാനയെ തുരത്താൻ എത്തിച്ച കുങ്കിയാനകൾ വയനാട്ടിലേക്ക് മടങ്ങിയ വെള്ളിയാഴ്ച രാത്രി തന്നെ കുതിരാനിൽ ഒറ്റയാനെത്തി നാട്ടുകാരിൽ ഭീതി പരത്തി. രാത്രി 12 മണിയോടെയാണ് കുതിരാൻ ജനവാസ മേഖലയായ ഇരുമ്പുപാലത്ത് കാട്ടാന എത്തിയത്. ഇന്നലെ ഏഴു മണിയോടെ വീണ്ടും ഒറ്റയാൻ കുതിരാനിലെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തെർമ്മൽ ഡ്രോൺ ഉപയോഗിച്ച് ആനയെ നിരീക്ഷിക്കുന്നുണ്ട്.
കാട്ടാന ആക്രമണം രൂക്ഷമായതോടെ നവംബർ 7നാണ് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ സ്ഥലത്തെത്തിയത് . ഇതിനിടെ ഒരുപ്രാവശ്യം കാട്ടാന സ്ഥലത്തെത്തിയിരുന്നു. രാത്രിയായതിനാൽ കുങ്കിയാനകളെ ഉപയോഗിച്ച് ഒറ്റായനെ കാട്ടിൽ കയറ്റിവിടാൻ സാധിച്ചില്ല.
കുങ്കിയാനകൾ കുതിരാനിൽ തമ്പടിച്ചിരുന്നത് പ്രദേശവാസികൾക്ക് ഒരു ആശ്വാസമായിരുന്നു. ഒറ്റയാൻ വീണ്ടും നാട്ടിൽ ഇറങ്ങുമോയെന്ന ഭയത്തിലാണ് ഇപ്പോൾ പ്രദേശവാസികൾ.










