കണ്ണൂർ: സിപിഎം നിലപാടുകളിൽ തിരുത്തൽ വരുത്തിയില്ലെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം ബംഗാളിലേതുപോലെ മാറുമെന്ന് വി. കുഞ്ഞികൃഷ്ണൻ. താൻ ഉയർത്തിയ വിഷയങ്ങൾക്ക് ജനങ്ങളിൽ അംഗീകാരം ലഭിച്ചതിന്റെ ഫലമാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.
രക്തസാക്ഷി കുടുംബങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണ തനിക്ക് ലഭിച്ചതായും, വിജയത്തിന് പിന്നാലെ ചില പ്രാദേശിക സിപിഎം നേതാക്കൾ പോലും രഹസ്യമായി വിളിച്ച് അഭിനന്ദിച്ചതായും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മറികടക്കുക പ്രായോഗികമല്ലെന്ന് കരുതിയിരുന്നെങ്കിലും, വോട്ടർമാർ തന്റെ നിലപാടുകൾ ശരിയാണെന്ന് തിരിച്ചറിഞ്ഞതാണ് വിജയത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പിൽ ഉണ്ടായ അടിയൊഴുക്ക് പ്രതീക്ഷിച്ചതിനേക്കാൾ ശക്തമായിരുന്നുവെന്നും, ആദ്യ റൗണ്ട് എണ്ണലിൽ തന്നെ അതിന്റെ സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ ലഭിച്ചെന്നും, പ്രത്യേകിച്ച് എതിരാളിയുടെ നാട്ടിൽ പോലും മൂന്ന് ആയിരത്തിലധികം വോട്ടിന്റെ ലീഡ് നേടാനായതായും വി. കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.






