കുവൈത്ത് സിറ്റി: പൊടിക്കാറ്റും കാലാവസ്ഥാ വ്യതിയാനവും കുവൈത്തിൽ കടുക്കുന്നു. ശൈത്യകാലത്ത് നിന്ന് വേനൽക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായുള്ള സരായത് സീസണിലാണ് ഇത്തരത്തിൽ പൊടിക്കാറ്റ് ശക്തമാകുന്നത്. ഈ സാഹചര്യത്തിൽ ആസ്ത്മ, അലർജി തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിലെ കാലാവസ്ഥാ വ്യതിയാനം മെയ് മാസം അവസാനം വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. ശക്തമായ കാറ്റ്, ഇടിമിന്നലോടു കൂടിയ മഴ, പൊടിക്കാറ്റ് എന്നിവ ഈ സീസണിന്‍റെ പ്രത്യേകതയാണ്. അന്തരീക്ഷത്തിൽ പൊടിയുടെ അളവ് കൂടുന്നത് കാഴ്ചപരിധിയെ ബാധിക്കുമെന്നതിനാൽ വാഹനയാത്രക്കാരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.




