വാങ്കൂവർ: വാങ്കൂവർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം AI186-ന്റെ പൈലറ്റ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയതായി കണ്ടെത്തി. സംഭവത്തിൽ, ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരന്റെ പരാതിയെ തുടർന്ന് അധികൃതർ പൈലറ്റിനെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു.
സംഭവത്തെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കോക്പിറ്റ് ക്രൂവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം. പൈലറ്റിനെ താൽക്കാലികമായി ജോലിയിൽ നിന്ന് മാറ്റിനിർത്തി.
പകരം പൈലറ്റിനെ നിയോഗിച്ചതോടെ വിമാനം ഏകദേശം രണ്ട് മണിക്കൂർ വൈകിയാണ് സർവീസ് നടത്തിയത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം അറിയിച്ചു. അന്വേഷണത്തിൽ ചട്ടലംഘനം തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും, സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.




