ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന പരാതിയുമായി വയോധികയുടെ കുടുംബം. തിമിര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറാട്ടുപുഴ സ്വദേശിനി ലത (67)യുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്.
ശസ്ത്രക്രിയയ്ക്കിടെ കണ്ണിൽ സ്ഥാപിക്കേണ്ട ലെൻസ് കണ്ണിനുള്ളിലേക്ക് ആഴ്ന്നുപോയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചിട്ടും ഇക്കാര്യം ആശുപത്രി അധികൃതർ മറച്ചുവെച്ചെന്നും കുടുംബം ആരോപിച്ചു.
പിഴവ് തിരിച്ചറിഞ്ഞ ശേഷവും ആശുപത്രി അധികൃതർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും കുടുംബം പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.












