തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം. കെഎസ്ഇബിയുടെ ‘വിത് യു’ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും. നാളെ ഉച്ചയോടെ സംസ്ഥാനമാകെ സംവിധാനം നിലവിൽ വരുമെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഏകദേശം ഒന്നര മണിക്കൂർ മുൻപ് വരെ ഉപഭോക്താക്കൾക്ക് വിവരം ലഭിക്കുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടർന്നാണ് സംവിധാനം സംസ്ഥാനതലത്തിൽ നടപ്പാക്കുന്നത്.
കെഎസ്ഇബിയുടെ ‘വിത് യു’ ആപ്പിനെ ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റവുമായി (OMS) ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. വൈദ്യുതി നിയന്ത്രണം സംബന്ധിച്ച വിവരങ്ങൾ ഒഎംഎസിൽ നിന്നാണ് ഉപഭോക്താക്കൾക്ക് സന്ദേശമായി ലഭിക്കുക.
വൈദ്യുതി നിയന്ത്രണം സംബന്ധിച്ച് മുൻകൂട്ടി വിവരം ലഭിക്കുന്നതോടെ ഉപഭോക്താക്കൾക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സാധിക്കും.


