മലപ്പുറം: മലപ്പുറത്ത് നടത്താനിരുന്ന വഖഫ് വിശദീകരണ സമ്മേളനം മാറ്റിവച്ചു. സമസ്ത നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സമ്മേളനം മാറ്റിയത്. സിപിഎം വേദിയിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സമസ്തയിലെ ലീഗ് അനുകൂല വിഭാഗമായിരുന്നു സമ്മേളനത്തിന് പിന്നിൽ.
സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നേതൃത്വം സംഘാടക സമിതിക്ക് കത്ത് നൽകിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ലീഗ് അനുകൂല വിഭാഗത്തിന്റെ എല്ലാ നീക്കങ്ങളും നിർത്തിവെക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദേശം. വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കുന്നതിനായി സംഘാടക സമിതി ഉടൻ യോഗം ചേരും.
നാളെ മലപ്പുറത്ത് നടത്താനിരുന്ന വഖഫ് വിശദീകരണ സമ്മേളനം മാറ്റിയതോടെ സമസ്തയിലെ വിഭാഗീയത സംബന്ധിച്ച ചർച്ചകളും സജീവമായി. സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനും മുസ്‌ലിം ലീഗിനുമെതിരെ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനമാണ് ലീഗ് കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് നടന്ന സിപിഎം വഖഫ് വിശദീകരണ യോഗത്തിലായിരുന്നു ഉമർ ഫൈസി മുക്കം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇതിന് മറുപടിയായാണ് അതേ സ്ഥലത്ത് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം വിശദീകരണ യോഗം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയായിരുന്നു പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.


