കാസർകോട്: പനത്തടി സെക്ഷൻ പരിധിയിലെ റിസർവ് വനത്തിൽ മ്ലാവിനെ വേട്ടയാടിയ കേസിൽ ഒരാൾ അറസ്റ്റിൽ. സിദ്ദിഖ് എം.എച്ച് (50) ആണ് വനം വകുപ്പ് സംഘത്തിന്റെ പിടിയിലായത്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. നൗഫൽ, സുബൈർ എന്നിവരാണ് രക്ഷപ്പെട്ടതെന്ന് വനം വകുപ്പ് തിരിച്ചറിഞ്ഞു.
പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുലർച്ചെ നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടിയത്. ഏകദേശം 40 കിലോ മ്ലാവ് ഇറച്ചിയും തോക്കും ഉണ്ടയും സിദ്ദിഖിൽ നിന്ന് പിടിച്ചെടുത്തതായി വനം വകുപ്പ് അറിയിച്ചു.
പനത്തടി റിസർവ് വനത്തിലെ കാട്ടൂർ കൂപ്പ് ഭാഗത്ത് വന്യമൃഗ വേട്ട നടക്കുന്നതായി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. വനം വകുപ്പ് സംഘം സ്ഥലത്തെത്തുമ്പോൾ ചാക്കിലാക്കിയ ഇറച്ചിയുമായി മൂന്ന് പേർ വരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സിദ്ദിഖിനെ പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ മ്ലാവിന്റെ തലയും ഉടലും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിന്റെ മുമ്പാകെ ഹാജരാക്കി തെളിവെടുപ്പ് നടത്തി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജീവൻ എം പ്രതിയുടെ മൊഴിയും രേഖപ്പെടുത്തി.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടുന്ന സ്ഥിരം സംഘമാണ് പ്രതികളെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി വനം വകുപ്പ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.




