ഇടുക്കി: കനത്തമഴയെ തുടർന്ന് കല്ലാർകുട്ടി ഡാമിൻറെ എല്ലാ ഷട്ടറുകളും ഉയർത്തി. ഡാമിന്റെ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് 5 ഷട്ടറുകൾ ഒരു അടി വീതം ഉയർത്തിയത്. തുറന്നുവിട്ട വെള്ളം മുതിരപ്പുഴയാറിലേക്കാണ് ഒഴുക്കുന്നത്. തുടർന്ന് മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.
ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് തീവ്രമായി തുടരുകയാണ്. അനിയന്ത്രിതമായി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മഴ ശക്തമായാൽ ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഷട്ടറുകൾ വീണ്ടും ഒരടി കൂടി ഉയർത്താനാണ് തീരുമാനം. നേരത്തെ പാംബ്ല ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യോല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 8 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.




