കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ പിതാവിന്റെ സഹോദരനും ഭാര്യയും മകനും ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് കിഴക്കോത്ത് സ്വദേശിയായ കുട്ടിയെ പിതാവിന്റെ സഹോദരൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് കൊടുവള്ളി പൊലീസ് കേസെടുത്തിരുന്നു.
കുട്ടിയെ വായിൽ തുണി തിരുകി കമ്പികൊണ്ട് മർദിക്കുകയും മുറിവുകളിൽ നാരങ്ങാനീരും ഉപ്പും പുരട്ടുകയും ചെയ്തതായി കുട്ടിയുടെ സഹോദരൻ പറഞ്ഞു. കൈവിരലുകളിലും കാലിലെ വിരലുകളിലും ഈർക്കിൽ കുത്തിക്കയറ്റിയതായും അദ്ദേഹം ആരോപിച്ചു. മർദനത്തിനിടെ കുട്ടി ബോധരഹിതനായതായും സഹോദരൻ പറഞ്ഞു.
കാണാതായെന്ന് ആരോപിച്ച വാച്ച് പിന്നീട് പള്ളിയിൽനിന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം തിരിച്ചയക്കാതെ കെട്ടിയിട്ടതായും അടുത്ത ദിവസവും മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കിൽ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും മുറിവുകളിൽ മുളകുപൊടി തേക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും സഹോദരൻ ആരോപിച്ചു.
സംഭവദിവസം രാത്രി കുട്ടി അവിടെനിന്ന് രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. എന്നാൽ പിന്നീട് കുട്ടിയെ മർദിച്ച പിതാവിന്റെ സഹോദരനും ഭാര്യയും മകനുമൊപ്പമാണ് പൊലീസ് വീട്ടിലേക്ക് അയച്ചതെന്നും സഹോദരൻ ആരോപിച്ചു. കുട്ടി വീട്ടിലെത്തിയപ്പോഴാണ് മർദനത്തിന്റെ വിവരങ്ങൾ കുടുംബം അറിയുന്നത്.
കുട്ടിയുടെ കണ്ണിൽ മുളക് തേച്ചതായും ശരീരത്തിൽ നിരവധി മർദനപ്പാടുകളുണ്ടെന്നും സഹോദരൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ കേസ് ഒത്തുതീർപ്പാക്കാൻ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം നടന്നതായും ആരോപണമുണ്ട്. കേസ് പിൻവലിച്ചാൽ സൈക്കിൾ വാങ്ങിനൽകാമെന്നും പണവും മറ്റ് ആവശ്യങ്ങളും നൽകാമെന്നും വാഗ്ദാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇവർ ഒളിവിലാണെന്നാണ് വിവരം. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.











