തിരുവനന്തപുരം: മാൻകൊമ്പും ഇരുതലമൂരിയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകരയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഘം പിടിയിലായത്. കുറുക്കന്റെ രോമവുമായി മറ്റൊരു സംഘത്തെയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായവരിൽ എറണാകുളം ചിലവന്നൂർ സ്വദേശി ജയൻ (57), വടുതല ബ്രിഡ്ജ് റോഡ് സ്വദേശി മനോജ് (50), കോട്ടയം ഏറ്റുമാനൂർ സ്വദേശി പി.ബി. ചെറിയാൻ (51), മാരായമുട്ടം കൈക്കോട്ടുകുഴി സ്വദേശി ഷിജുലാൽ (42), ജിംഷിൻ (32) എന്നിവരുണ്ട്. അറക്കുന്നിലെ ജ്യൂസ് കടയിൽ വച്ച് ഇവ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആഭിചാരക്രിയകൾക്ക് ഉപയോഗിക്കുന്നതിനാണ് കുറുക്കന്റെ രോമം വിൽക്കാൻ ശ്രമിച്ചതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
നെയ്യാറ്റിൻകര ടി.ബി. ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച മറ്റ് നാല് പേരെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി ആലുംകടവ് താനത്ത് സ്വദേശി സുദർശനൻ (54), ഊരൂട്ടമ്പലം സ്വദേശി കേശവകുമാർ (51), ലക്ഷദ്വീപ് ആന്ത്രോത്ത് പാട്ടകൽക്കാട് സ്വദേശി അൻവർ പി.കെ. (48), മാരായമുട്ടം മരുതംതരൂർ സ്വദേശി രതീഷ് (50) എന്നിവരാണ് അറസ്റ്റിലായത്.
വനം ഇന്റലിജൻസിനും ക്രൈം കൺട്രോൾ ബ്യൂറോയ്ക്കും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ പ്രതികളെ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.











