പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ നവംബർ 7ന് തിയേറ്ററുകളിൽ എത്താനായി ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ രതീഷ് എന്ന കഥാപാത്രമായി എത്തുന്ന അശ്വിൻ വിജയന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
‘ഓരോ നിമിഷവും സ്നേഹവും, ചിരിയും, ഒരൽപം ഭ്രാന്തും നിറയ്ക്കുന്ന നമ്മുടെ കൂട്ടുകാരൻ! എന്ന് കുറിച്ചുകൊണ്ടാണ് അശ്വിന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ പ്രേക്ഷകരിൽ ചിരി നിറയ്ക്കുന്ന കഥാപാത്രമായാണ് അശ്വിൻ എത്തുന്നതെന്നാണ് പോസ്റ്റർ തരുന്ന സൂചന. ‘ഇന്നസെന്‍റ് ‘റിലീസ് ദിനത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മെഗാ കൈകൊട്ടിക്കളിയും നടക്കുന്നുണ്ട്. 120 റിലീസ് തിയേറ്ററുകളിൽ ഒരേ സമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടുകയാണ് ‘ഇന്നസെന്‍റ് ‘ ടീം ലക്ഷ്യമിടുന്നത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ തന്നിട്ടുള്ള സൂചന. കഴിഞ്ഞ ദിവസം റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് മോഡലിലുള്ളതായിരുന്നു പോസ്റ്റർ. അൽത്താഫും നടി അന്ന പ്രസാദുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.


